Hero Image

കാച്ചിലിന്റെ ആരോഗ്യ ഗുണങ്ങൾ അറിഞ്ഞ് കഴിക്കാം

ചേന, ചേമ്പ്, കാച്ചിൽ തുടങ്ങിയ കിഴങ്ങു വർഗങ്ങളൊക്കെ പണ്ടുള്ളവർ ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്തിയിരുന്നു. അന്നൊക്കെ ആരോഗ്യപ്രശ്നങ്ങളും കുറവായിരുന്നു. ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഒരു കിഴങ്ങാണ് കാച്ചിൽ. ക്രീം മുതൽ പർപ്പിൾ വരെ നിറങ്ങളിലുള്ള കാച്ചിൽ ഉണ്ട്. കേരളത്തിൽ ധാരാളമായി കൃഷിചെയ്യപ്പെടുന്ന ഒരു കിഴങ്ങുവർഗ്ഗ വിളയാണ് കാച്ചിൽ.

ആയുർവേദത്തിൽ കാച്ചിൽ ഔഷധമായി ഉപയോഗിക്കുന്നു.

വൈറ്റമിൻ സി, പൊട്ടാസ്യം, അന്നജം ഇവയുടെ ഉറവിടമാണ് കാച്ചിൽ. ഒരു കപ്പ് കാച്ചിൽ വേവിച്ചതിൽ 140 കാലറി ഉണ്ട്. 27 ഗ്രാം അന്നജം, 1 ഗ്രാം പ്രോട്ടീൻ, 0.1 ഗ്രാം കൊഴുപ്പ്, 4 ഗ്രാം നാരുകൾ, സോഡിയം, പൊട്ടാസ്യം, അയൺ, വൈറ്റമിൻ എ, സി എന്നിവയും ഉണ്ട്. ഇവ കൂടാതെ ശക്തിയേറിയ സസ്യ സംയുക്തങ്ങളും ആന്തോസയാനിൻ ഉൾപ്പെടെയുള്ള ആന്റി ഓക്സിഡന്റുകളും ഉണ്ട്.

രക്തസമ്മർദവും ഇൻഫ്ലമേഷനും കുറയ്ക്കാനും കാൻസറിനെയും പ്രമേഹത്തെയും പ്രതിരോധിക്കാനും ആന്തോസയാനിനു കഴിവുണ്ടെന്ന് പഠനങ്ങൾ പറയുന്നു. കാച്ചിലിൽ ഉള്ള ആന്തോസയാനിനുകൾ ഒരു തരം പോളിഫിനോൾ ആന്റി ഓക്സിഡന്റുകളാണ്. പതിവായി പോളിഫിനോൾ ധാരാളമടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് വിവിധയിനം കാൻസറുകള്‍ വരാനുള്ള സാധ്യത കുറയ്ക്കും.

ടൈപ്പ് 2 പ്രമേഹം ഉള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ കാച്ചിലിലെ ഫ്ലേവനോയ്ഡുകൾ സഹായിക്കുന്നു. ഓക്സീകരണ സമ്മർദവും ഇൻസുലിൻ പ്രതിരോധവും കുറയ്ക്കാൻ കാച്ചിൽ സത്ത് സഹായിക്കും. വിശപ്പ് കുറയ്ക്കാനും അതുവഴി ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കാച്ചിലിന് കഴിവുണ്ട്.

ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും പ്രധാന കാരണങ്ങളിലൊന്നാണ് ഉയർന്ന രക്തസമ്മർദം. കാച്ചിലിന് രക്തസമ്മര്‍ദം കുറയ്ക്കാനുള്ള കഴിവുണ്ട്. ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയതിനാലാണ് ഇതെന്ന് ഗവേഷകർ വിശ്വസിക്കുന്നു. രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്ന ചില മരുന്നുകളുടെ അതേ രീതിയിൽ തന്നെ ബി.പി. കുറയ്ക്കാൻ കാച്ചിലിനും കഴിവുണ്ടെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

READ ON APP